Home » ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ : ഐക്യത്തിനും ആത്മീയ ഉന്നമനത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനം” – പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ.

ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ : ഐക്യത്തിനും ആത്മീയ ഉന്നമനത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനം” – പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ.

by News Desk
0 comments

ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (IPC) എന്ന മഹത്തായ പ്രസ്ഥാനം നൂറ് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും ആത്മീയ സംഭാവനകളും അവകാശപ്പെടാൻ കഴിയുന്ന ഈ പ്രസ്ഥാനം ഇന്ന് കടന്ന് പോകുന്ന ശോചനീയമായ സാഹചര്യങ്ങളെ കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്നാൽ, സഭയുടെ ഇന്നത്തെ പ്രതിസന്ധികളുടെ കാരണങ്ങൾ അന്വേഷിക്കുന്നതിന് മുമ്പ്, ദൈവ സഭയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും ഐക്യത്തിനും വേണ്ടി നമുക്ക് എന്ത്‌ ചെയ്യാൻ കഴിയും എന്നതാണ് ഓരോ സഭാ പ്രവർത്തകനും ദൈവദാസനും വിശ്വാസിയും ആഴമായി ചിന്തിക്കേണ്ട വിഷയം. ഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട സമയമല്ല; ആത്മ പരിശോധന നടത്തേണ്ട സമയമാണ്. ഇത് വിഭാഗീയത വളർത്തേണ്ട സമയമല്ല ; ഐക്യത്തിനായി നില കൊള്ളേണ്ട സമയമാണ്. ഇത് സഭയെ തകർക്കേണ്ട സമയമല്ല; സഭയെ പടുത്തുയർത്തേണ്ട സമയമാണ്.

1. ദൈവസഭ ദൈവത്താൽ സ്ഥാപിതമായതാണ്.

ദൈവസഭ മനുഷ്യന്റെ സൃഷ്ടിയല്ല. യേശു ക്രിസ്തു തന്റെ സ്വന്തം രക്തം കൊണ്ട് വിലകൊടുത്തു വീണ്ടെടുത്തതാണ് ദൈവസഭ (പ്രവൃത്തികൾ 20:28). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” എന്ന് കർത്താവ് അരുളിച്ചെയ്തിരിക്കുന്നു (മത്തായി 16:18).

സഭയുടെ യഥാർത്ഥ ഉടമസ്ഥൻ ക്രിസ്തുവാണ്. അതിന്റെ നില നിൽപ്പും വളർച്ചയും ദൈവത്തിന്റെ കൃപയിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലും അധിഷ്ഠിതമാണ്.

ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് എന്ന സംഘടന വിവിധ സ്ഥലങ്ങളിലുള്ള ദൈവ സഭകളുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ഒരു വലിയ വേദിയാണ്. അതിന്റെ സ്ഥാപകരും ആദ്യകാല ദൈവദാസന്മാരും കണ്ണുനീരോടും പ്രാർത്ഥനയോടും ത്യാഗത്തോടും കഷ്ടപ്പാടുകളോടും കൂടിയാണ് ഈ പ്രസ്ഥാനത്തെ വളർത്തിയെടുത്തത്. അവരുടെ ആത്മാർത്ഥമായ സമർപ്പണത്തിന്റെയും ദർശനത്തിന്റെയും ഫലമായി ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമായി ഐ പി സി വളർന്നു. ആ ചരിത്രവും പൈതൃകവും നമുക്ക് മറക്കാൻ കഴിയില്ല. അതിനെ സംരക്ഷിക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

2. വിഭാഗീയതയല്ല, ഐക്യമാണ് സഭയുടെ ശക്തി.

ദുഃഖകരമെന്ന് പറയട്ടെ, കഴിഞ്ഞ കുറെ വർഷങ്ങളായി വ്യക്തിതാൽപര്യങ്ങളും അധികാരമത്സരങ്ങളും വിഭാഗീയ ചിന്തകളും സഭയുടെ പ്രവർത്തനമേഖലകളിലേക്ക് കടന്ന് വന്നിരിക്കുന്നു. സഭയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് സഹായകമാകേണ്ട ചില സാഹചര്യങ്ങൾ ഇന്ന് നിശ്ചലതയ്ക്കും തർക്കങ്ങൾക്കും കാരണമായി തീരുന്നു. ഒരു കാര്യം നാം മനസ്സിലാക്കണം: വ്യക്തികളുടെ താൽപര്യങ്ങൾകൊണ്ടല്ല ദൈവസഭ വളരുന്നത്. സ്വാർത്ഥ ചിന്തകളും അധികാര മോഹങ്ങളും ഒരു ആത്മീയ പ്രസ്ഥാനത്തെ ഒരിക്കലും മുന്നോട്ട് നയിക്കുകയില്ല. വ്യക്തിപരമായ ചിന്തകളും സ്വാർത്ഥ താൽപര്യങ്ങളും കൊണ്ട് സഭയെ വളർത്താമെന്ന് ആരെങ്കിലും ദിവാ സ്വപ്നം കാണുന്നുണ്ടെങ്കിൽ, അത് വെറും വ്യാമോഹം മാത്രമാണ്. ദൈവസഭയെ നയിക്കേണ്ടത് ദൈവമാണ്. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലും ദൈവ വചനത്തിന്റെ അടിസ്ഥാനത്തിലും പ്രവർത്തിക്കുന്ന ആത്മീയ നേതൃത്വമാണ് സഭയ്ക്ക് ആവശ്യമായിരിക്കുന്നത്.

എഫെസ്യർ 4:3 നമ്മെ ഓർമ്മിപ്പിക്കുന്നു :

“സമാധാന ബന്ധത്തിൽ ആത്മാവിന്റെ ഐക്യം കാത്തുകൊൾവാൻ ശ്രമിക്കുവിൻ.” ഐക്യം ഒരു സംഘടനാപരമായ ആവശ്യം മാത്രമല്ല; അത് ആത്മീയമായ ഒരു ഉത്തരവാദിത്വം കൂടിയാണ്.

3. നേതൃത്വത്തിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്.

ദൈവം തന്റെ സഭയെ നയിക്കുവാൻ വിവിധ കാലഘട്ടങ്ങളിൽ അഭിഷിക്തരായ ദൈവ ദാസന്മാരെയും ആത്മീയ നേതൃത്വങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഈ വിശാലമായ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക്‌ പിന്നിൽ അനേകം ദൈവദാസന്മാരുടെയും മുൻ കാല നേതാക്കന്മാരുടെയും കഠിനാധ്വാനവും പ്രാർത്ഥനയും ദർശനവും ത്യാഗവും ഉണ്ടായിരുന്നുവെന്നത് നമുക്ക് വിസ്മരിക്കാനാവാത്ത സത്യമാണ്. അത് കൊണ്ട് നേതൃത്വസ്ഥാനങ്ങൾ അധികാര പ്രകടനത്തിനുള്ള വേദികളല്ല ; മറിച്ച് ദൈവ ജനത്തെ സേവിക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളാണ്.

യേശുക്രിസ്തു തന്നെ ശിഷ്യന്മാരോട് ഇപ്രകാരം പഠിപ്പിച്ചു :“നിങ്ങളിൽ വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (മത്തായി 23:11).

ഇന്ന് പതിനായിരത്തോളം വരുന്ന സഭാ ശുശ്രൂഷകരും വിശ്വാസ സമൂഹവും നൂറ് കണക്കിന് പ്രദേശങ്ങളും മേഖലകളും ഉൾപ്പെടുന്ന ഈ വലിയ പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച് ഗൗരവമായ ആത്മീയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സമയമാണിത്. നേതൃത്വം എന്നത് അധികാരമല്ല, ശുശ്രൂഷയാണ്. സ്ഥാനം എന്നത് പദവിയല്ല, ഉത്തരവാദിത്വമാണ്. വിജയം എന്നത് എതിരാളികളെ തോൽപ്പിക്കുന്നതല്ല, ദൈവസഭയെ പടുത്തുയർത്തുന്നതാണ്.

4. ദുഃഖത്തിന്റെ സമയത്ത് സഭയെ മുറിവേൽപ്പിക്കരുത്.

ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭയുടെ മുൻ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹമിന്റെ ദേഹ വിയോഗം ദൈവ ജനത്തിന് ഹൃദയ വേദനയും ദുഃഖവും ഉണ്ടാക്കിയ സംഭവമാണ്. ആ ദുഃഖത്തിൽ പങ്ക് ചേരുകയും കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ക്രിസ്തീയ കടമയാണ്. എന്നാൽ അത്തരമൊരു ദുഃഖകരമായ സാഹചര്യത്തിന്റെ നടുവിൽ തന്നെ സഭയുടെ അഭിമാനത്തിനും ഐക്യത്തിനും കളങ്കം വരുത്തുന്ന പരസ്പര ആരോപണങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അരങ്ങേറുന്നത് അത്യന്തം വേദനാജനകമാണ്.

ദൈവ സഭയുടെ ഒരു അംഗമെന്ന നിലയിലും ഒരു ദൈവ ശുശ്രൂഷകനെന്ന നിലയിലും ഈ സാഹചര്യങ്ങൾ എന്റെ ഹൃദയത്തിൽ ഉണ്ടാക്കുന്ന വേദന പൊതു സമൂഹത്തെയും സഭാ വിശ്വാസികളെയും അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായി കരുതുന്നു. നമ്മുടെ തർക്കങ്ങൾ സഭയുടെ സാക്ഷ്യത്തെ ദുർബലപ്പെടുത്തരുത്. നമ്മുടെ അഭിപ്രായ വ്യത്യാസങ്ങൾ ക്രിസ്തുവിന്റെ നാമത്തിന് അപമാനം വരുത്തരുത്. ലോകം നമ്മെ നോക്കി ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ക്രിസ്തുവിന്റെ സ്വഭാവമാണ് വെളിപ്പെടേണ്ടത്.

5. ദൈവം എല്ലാകാലത്തും നിശ്ശബ്ദനായിരിക്കുകയില്ല.

ദൈവത്തിന്റെ ദീർഘ ക്ഷമയെ അവഗണിക്കരുത്. ദൈവം തന്റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ടുതന്നെ അവരെ തിരുത്തുകയും ശാസിക്കുകയും ചെയ്യുന്നവനാണ്. “ന്യായവിധി ദൈവ ഭവനത്തിൽ ആരംഭിപ്പാൻ സമയമായിരിക്കുന്നു” (1 പത്രോസ് 4:17). ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾക്കും സ്വാർത്ഥ താൽപര്യങ്ങൾക്കും അനീതികൾക്കും ദൈവ സന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടി വരും.

അത് കൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഓരോരുത്തരും സ്വന്തം ജീവിതത്തെയും പ്രവർത്തനങ്ങളെയും ദൈവ വചനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കണം. സഭയുടെ പേരിൽ പ്രവർത്തിക്കുന്നവരെല്ലാം ദൈവത്തിന്റെ മുമ്പിൽ ഉത്തരവാദികളാണ്. നേതൃത്വത്തിലിരിക്കുന്നവരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരും ഒരു പോലെ ദൈവത്തിന്റെ നീതിക്ക്‌ മുമ്പിൽ നിൽക്കേണ്ടവരാണ്. ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയേണ്ടതുണ്ട് (മത്തായി 7:15). എന്നാൽ അതോടൊപ്പം നമ്മുടെ മനോഭാവങ്ങളും പ്രവർത്തനങ്ങളും ക്രിസ്തുവിന്റെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നവയാണോ എന്നും പരിശോധിക്കണം.

സഭയെ സംരക്ഷിക്കേണ്ടത് വ്യക്തി വിരോധം കൊണ്ടല്ല; ദൈവവചനത്തോടുള്ള വിശ്വസ്തത കൊണ്ടും നീതിയോടുള്ള പ്രതിബദ്ധത കൊണ്ടും ആയിരിക്കണം. ദൈവസഭയുടെ നിയമങ്ങളെയും നിയമാവലികളെയും അവഗണിക്കുന്നതും ലംഘിക്കുന്നതും ഗൗരവമായി കാണേണ്ട കാര്യമാണ്. എന്നാൽ ഇവയെ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങൾ പിന്നീട് നിങ്ങൾക്ക്‌ തന്നെ ദോഷമായും തിരിച്ചടിയായും മാറുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ദൈവ ദാസന്മാരെ പരസ്പരം പുറത്താക്കുകയും അപകീർത്തി പ്പെടുത്തുകയും ചെളി വാരി എറിയുകയും ചെയ്യുന്നത് യഥാർത്ഥ ആത്മീയതയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മറ്റുള്ളവരെ താഴ്ത്തിക്കെട്ടി സ്വന്തം നിലപാടുകൾ ഉയർത്തി കാണിക്കുന്നത് ആത്മീയ പക്വതയുടെ ലക്ഷണമല്ല. ഒരു ദൈവ ദാസനെ പോലും ദൈവദാസനെന്നോ, ഒരു വിശ്വാസിയെ പോലും വിശ്വാസിയെന്നോ വിളിക്കാൻ വിശ്വാസ സമൂഹം മടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത് എത്ര ദുഃഖകരമാണ് !

ഈ സാഹചര്യത്തിന്റെ ഗൗരവവും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും നാം തിരിച്ചറിയണം. സഭയുടെ നിയമങ്ങളും ക്രമങ്ങളും സംരക്ഷിക്കപ്പെടേണ്ടത് പോലെ തന്നെ, ദൈവദാസന്മാരുടെ മാന്യതയും വിശ്വാസികളുടെ ഐക്യവും ആത്മീയ സഹോദര്യവും സംരക്ഷിക്കപ്പെടണം.

6. സഭയുടെ ഐക്യത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

കർത്താവിന്റെ സഭ കർത്താവിന്റെ വരവുവരെ നിലനിൽക്കണം. അതിന്റെ ആത്മീയ ദൗത്യവും സുവിശേഷ പ്രവർത്തനവും ഒരിക്കലും തടസ്സപ്പെടരുത്. അത് കൊണ്ട് എല്ലാ ദൈവ ദാസന്മാരോടും സഭാ നേതൃത്വങ്ങളോടും വിശ്വാസികളോടും എനിക്ക് ഹൃദയ പൂർവമായ ഒരു ആഹ്വാനമുണ്ട്:

1. വ്യക്തി താൽപര്യങ്ങൾക്ക്‌ അപ്പുറം ദൈവ സഭയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക.

2. അധികാര മത്സരങ്ങൾ അവസാനിപ്പിച്ച് ആത്മീയ ഐക്യത്തിനായി പ്രവർത്തിക്കുക.

3. എല്ലാ തീരുമാനങ്ങളിലും ദൈവ വചനത്തിനും നീതിക്കും മുൻഗണന നൽകുക.

4. സഭയുടെ അഭിമാനത്തിനും സാക്ഷ്യത്തിനും കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുക.

5. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ അംഗീകരിച്ച് മാനസാന്തരത്തോടെ തിരുത്തുക.

6. യുവ തലമുറയ്ക്ക് ആരോഗ്യകരമായ ആത്മീയ പൈതൃകം കൈമാറുക.

7. സഭയുടെ വളർച്ചയ്ക്കും ആത്മീയ ഉണർവിനും വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

സഭയെ നശിപ്പിക്കുന്ന പ്രവണതകളെ തിരിച്ചറിയുകയും അവയെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വത്തോടെ നേരിടുകയും ചെയ്യേണ്ടത് വിശ്വാസ സമൂഹത്തിന്റെ കടമയാണ്. എന്നാൽ നമ്മുടെ പോരാട്ടം വ്യക്തികളോടുള്ള വിദ്വേഷമായിരിക്കരുത്. സത്യത്തിനും നീതിക്കും സഭയുടെ ആത്മീയ വിശുദ്ധിക്കും വേണ്ടിയുള്ളതായിരിക്കണം.

ഉപ സംഹാരം : നമ്മുടെ തലമുറയുടെ ഉത്തരവാദിത്വം

നൂറ് വർഷത്തെ ചരിത്രമുള്ള ഒരു പ്രസ്ഥാനത്തെ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ, നാം എന്താണ് അവർക്ക് നൽകാൻ പോകുന്നത് ? വിഭാഗീയതയുടെ ചരിത്രമോ ? അധികാര മത്സരങ്ങളുടെ പാരമ്പര്യമോ ? പരസ്പര ആരോപണങ്ങളുടെ ഓർമ്മകളോ ? അതോ പ്രാർത്ഥനയുടെയും പരിശുദ്ധാത്മാവിന്റെ ശക്തിയുടെയും ഐക്യത്തിന്റെയും സുവിശേഷ പ്രവർത്തനത്തിന്റെയും മഹത്തായ ആത്മീയ പൈതൃകമോ ?

ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളാണ് നാളത്തെ ഐ പി സി യുടെ ചരിത്രം എഴുതുന്നത്.

അത് കൊണ്ട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ഒരുമിച്ച് പ്രവർത്തിക്കാം. ഒരുമിച്ച് ദൈവ സഭയെ പടുത്തുയർത്താം. നമ്മുടെ വ്യക്തിത്വങ്ങളേക്കാൾ വലുതാണ് ദൈവസഭ. നമ്മുടെ സ്ഥാനങ്ങളേക്കാൾ വലുതാണ് ദൈവത്തിന്റെ ശുശ്രൂഷ. നമ്മുടെ അഭിപ്രായങ്ങളേക്കാൾ വലുതാണ് ക്രിസ്തുവിന്റെ നാമം.

നമുക്ക് ഓർക്കാം : “ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, എങ്കിലും വളരുമാറാക്കിയത് ദൈവമത്രേ” (1 കൊരിന്ത്യർ 3:6). ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച ദൈവത്തിൽനിന് മാത്രമാണ്. ദൈവം നമ്മുടെ തലമുറയെ ഐക്യത്തിന്റെയും വിശുദ്ധിയുടെയും ആത്മീയ ഉണർവിന്റെയും ഒരു തലമുറയാക്കി മാറ്റട്ടെ. ഇന്ത്യൻ പെന്തെക്കോസ്ത് ദൈവ സഭയുടെ മഹത്തായ പൈതൃകം സംരക്ഷിക്കപ്പെടട്ടെ. അതിന്റെ ആത്മീയ ദൗത്യം ശക്തമായി മുന്നോട്ട് പോകട്ടെ. ദൈവ നാമം മഹത്വപ്പെടട്ടെ.

ദൈവം എല്ലാവരെയും സഹായിക്കുമാറാകട്ടെ.

പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ.

You may also like