Home » സങ്കീർത്തനങ്ങളിലൂടെ (22)|വിജയത്തിനുള്ള ഒരു കൃതജ്ഞതാർപ്പണം-21-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സങ്കീർത്തനങ്ങളിലൂടെ (22)|വിജയത്തിനുള്ള ഒരു കൃതജ്ഞതാർപ്പണം-21-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

by News Desk
0 comments

ഈ സങ്കീർത്തനം 20-ാം സങ്കീർത്തനവുമായി ജോടിയായി നിൽക്കുന്നു. രണ്ടും രാജകീയ സങ്കീർത്തനങ്ങളാണ്. ആദ്യത്തേത് യുദ്ധത്തിലെ വിജയത്തിനായുള്ള ഒരു പ്രാർത്ഥനയാണ്. രണ്ടാമത്തേത് വിജയത്തിന് ലഭിച്ച നന്ദിപ്രകടനമാണ്. 3-ാം വാക്യത്തിൽ രാജാവിന്റെ കിരീടത്തെക്കുറിച്ചുള്ള പരാമർശം കാരണം, ചില വ്യാഖ്യാതാക്കൾ ഇത് ഒരു കിരീടധാരണ സങ്കീർത്തനമാണെന്ന് കരുതുന്നു.

സങ്കീർത്തനം 21 രണ്ട് പ്രധാന ഭാഗങ്ങളായി തിരിക്കാം. 7 നും 8 നും ഇടയിലുള്ള വിഭജനം. ആദ്യ പകുതി രാജാവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടിപ്പിക്കുന്നു. രണ്ടാം പകുതി ദൈവം ശത്രുവിനെ പരാജയപ്പെടുത്തിയതിനെ വിവരിക്കുന്നു. ആദ്യത്തേയും അവസാനത്തേയും വാക്യങ്ങൾ പരസ്പര പൂരകമാണ്. “നിന്റെ ബലത്തിൽ (ശക്തിയിൽ)” എന്ന വാചകം രണ്ടിലും കാണപ്പെടുന്നു. ആദ്യ വാക്യത്തിൽ രാജാവ് ദൈവത്തിൽ സന്തോഷിക്കുന്നു. അവസാന വാക്യത്തിൽ ആരാധകരായ നമ്മൾ പാടുകയും അവന്റെ ശക്തിയെ സ്തുതിക്കുകയും ചെയ്യുന്നു. ഈ സങ്കീർത്തനം യെരൂശലേമിലെ ആത്മീയശുശ്രൂഷകളിൽ ഉപയോഗിച്ചിരിക്കാം.

രാജാവ് സന്തോഷിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന ആമുഖ വാക്യത്തിനുശേഷം, തുടർന്നുള്ള ആറ് വാക്യങ്ങൾ എന്തുകൊണ്ടെന്ന് പറയുന്നു. ദൈവം അദ്ദേഹത്തിന് അവന്റെ ഹൃദയാഭിലാഷം നൽക. ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. രാജാവിനെ ഒരു സ്വർണ്ണ കിരീടം അണിയിച്ചു, അദ്ദേഹത്തിന് ദീർഘായുസ്സ് നൽകി.

എന്നാൽ രാജാവ് ഏറ്റവും കൂടുതൽ മഹത്വപ്പെടുത്തിയ കാര്യം ദൈവത്തിന്റെ രക്ഷയായിരുന്നു (വാക്യം 5). എഴുത്തുകാരന്റെ മനസ്സിൽ ഒരു സൈനിക വിജയം, അല്ലെങ്കിൽ ദൈവത്തിന്റെ വിടുതലിന്റെ ഉയർന്ന, ആത്യന്തിക ലക്ഷ്യമായ നിത്യജീവൻ ഉണ്ടായിരുന്നിരിക്കാം. നാം താൽക്കാലിക അനുഗ്രഹങ്ങൾ ആസ്വദിക്കണം, എന്നാൽ ഏറ്റവും വലിയ സന്തോഷത്തിന്റെ ഉറവിടം നമ്മുടെ നിത്യജീവന്റെ പ്രത്യാശയിൽ നിന്നായിരിക്കണമെന്ന് ഓർമ്മിക്കണം.

സങ്കീർത്തനം 20-ലെ 6-7 വാക്യങ്ങളിലെന്നപോലെ, ഈ സങ്കീർത്തനത്തിലെ 7-ാം വാക്യം ദൈവത്തിന്റെ ഒരിക്കലും പരാജയപ്പെടാത്ത ഉടമ്പടിസ്നേഹത്തിലുള്ള രാജാവിന്റെ വിശ്വാസത്തെ ചൂണ്ടിക്കാണിക്കുന്നു. അവൻ കർത്താവിൽ വിശ്വസിക്കുന്നതു കൊണ്ട് തനിക്കെതിരെ നിൽക്കുന്ന ശത്രുക്കൾ എന്തുതന്നെയായാലും അവൻ കുലുങ്ങുകയില്ല.

ദൈവം പ്രാർത്ഥനകേട്ട് രാജാവിനെ സഹായിച്ചു. അദ്ദേഹത്തിന്റെ “ഹൃദയത്തിലെ ആഗ്രഹം” സാധിച്ചു (വാക്യം 2). ദൈവം രാജാവിന് മഹത്വവും യുദ്ധത്തിൽ വിജയവും നൽകി അനുഗ്രഹിച്ചു (വാക്യം 3). അദ്ദേഹത്തിന് ദീർഘായുസ്സ് നൽകി (വാക്യം 4). അനന്തമായ ജീവിതത്തിന്റെ ഈ വാഗ്ദാനം യഹൂദാരാജവംശത്തിനും ഒടുവിൽ മിശിഹായ്ക്കും ബാധകമായിരുന്നു. രാജാവിന് മഹത്വവും സന്തോഷവും ലഭിച്ചത് അറിയാമായിരുന്നു (വാക്യം 5-6). ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു അവന്റെ മഹത്വത്തിന്റെ അടിസ്ഥാനം(വാക്യം 7). ഇതിൽ മാനുഷികവശം വിശ്വാസവും ദൈവികവശം ഉടമ്പടിസ്നേഹമാണ്.

അയൽ ഗോത്രങ്ങളുമായുള്ള യുദ്ധം യിസ്രായേലിന് അനിവാര്യമാണെന്ന് തോന്നി. അതിനാൽ അവർ കർത്താവിൽ ആശ്രയിക്കേണ്ടത് അത്യാവശ്യമായിരുന്നു. ശത്രുക്കളുടെ മക്കളെ നശിപ്പിക്കാനുള്ള പ്രാർത്ഥന കഠിനമായി തോന്നുന്നു. പ്രതികാരത്തിനായി സമർപ്പിച്ചിരിക്കുന്ന ആളുകൾക്കിടയിൽ ഭാവി യുദ്ധങ്ങളുടെ ഭയാനകമായ ഭീഷണിയെ ഇത് പ്രതിഫലിപ്പിക്കുന്നു. ശത്രുക്കൾക്ക് ഒരു ദിവസം സുഹൃത്തുക്കളാകാൻ കഴിയുമെന്ന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ ശത്രുക്കളെയും ദൈവത്തിന്റെ ശത്രുക്കളായി കണക്കാക്കിയിരുന്നു എന്നത് ശ്രദ്ധിക്കുക.

9-ാം വാക്യത്തിൽ, ഉപരോധിക്കപ്പെട്ട ഒരു നഗരം അതിലെ ജനങ്ങൾ ഉള്ളിൽ ഉള്ളപ്പോൾ തീയിട്ടതിന്റെ വിവരണം ആയിരിക്കാം (“തീച്ചൂളയെപ്പോലെ”). ഈ ഭാഗത്തിന്റെ വിശാലമായ പ്രയോഗം ദൈവം തിന്മയെ അന്തിമമായി പരാജയപ്പെടുത്തുന്നതാണ്. അഭിഷിക്തനായ മിശിഹായിലൂടെ ദൈവം ശത്രുക്കളുടെമേൽ ന്യായവിധി നടത്തും എന്ന സൂചന ഇവിടെ കാണാം.

“യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേന്നമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും” എന്ന പ്രാർത്ഥനയോടെയാണ് ഈ കീർത്തനം അവസാനിക്കുന്നത്. ദൈവത്തിന്റെ ശക്തിയിലും രക്ഷയിലുമുള്ള പുകഴ്ച്ചയാണിത്. രക്ഷയും വിടുതലും നൽകുന്ന കർത്താവിനെ സ്തുതിക്കാതിരിക്കാൻ ഒരു ഭക്തസമൂഹത്തിനു കഴിയില്ല. നമ്മുടെ രക്ഷ നമ്മുടെ ശക്തിയാലല്ല, ദൈവത്തിന്റെ കൃപയാലാണ്. ഈ സമാപന പ്രാർത്ഥന യിസ്രായേൽസഭ ആലപിച്ചിരുന്നതായിരിക്കാം. ഇതിൽ ഭാവിയും വർത്തമാനകാലപരവും ഭാവി പരവുമായ പരാമർശവുമുണ്ട്.

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ ആഘോഷത്തിൽ സഭ ഈ സങ്കീർത്തനം ഉപയോഗിക്കുന്നു. ക്രിസ്തു തിന്മയുടെ ശക്തിയെ പരാജയപ്പെടുത്തി പിതാവിൽ നിന്ന് മഹത്വം നേടി. ദൈവത്തിൽ ആശ്രയിക്കുന്നവന് ആത്യന്തിക വിജയം സാധ്യമാകുന്നു എന്നാണ് ഈ സങ്കീർത്തനത്തിന്റെ സന്ദേശം.

You may also like