Home » തിരഞ്ഞെടുപ്പ് തലേന്ന് ഡൊണാൾഡ് ട്രംപിന് സുപ്രീം കോടതിയുടെ കനത്ത തിരിച്ചടി.

തിരഞ്ഞെടുപ്പ് തലേന്ന് ഡൊണാൾഡ് ട്രംപിന് സുപ്രീം കോടതിയുടെ കനത്ത തിരിച്ചടി.

by News Desk
0 comments

By വില്യം വൈലൻകോർട്ട്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അവസാന നിമിഷം നടത്തിയ നീക്കം സുപ്രീം കോടതി തള്ളി. കാലിഫോർണിയയിൽ തപാൽ മുഖേന വോട്ട് ചെയ്ത 20,000 ബാലറ്റുകൾ മാറ്റിവയ്ക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ ആവശ്യം. ഈ ബാലറ്റുകൾ അമേരിക്കൻ പൗരന്മാരല്ലാത്തവർക്ക് അയച്ചതാണെന്നാണ് ഭരണകൂടത്തിന്റെ ആരോപണം.

എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ ഈ അടിയന്തര അപേക്ഷ സുപ്രീം കോടതി നിരസിച്ചു.

ഹ്രസ്വമായ ഉത്തരവിലാണ് സുപ്രീം കോടതി ഈ തീരുമാനം അറിയിച്ചത്. ഉത്തരവിൽ ഒപ്പുകളോ തീരുമാനത്തിനുള്ള വിശദീകരണമോ ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് ബാലറ്റുകൾ വോട്ട് ചെയ്യാൻ അർഹതയില്ലാത്തവരുടെ കൈകളിലെത്തിയെന്നായിരുന്നു ഭരണകൂടത്തിന്റെ ആരോപണം. ഇതിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചത് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു. അതിനു മുൻപ് ഫെഡറൽ അപ്പീൽ കോടതി മൂന്നംഗ ബെഞ്ച് 2-1 എന്ന ഭൂരിപക്ഷത്തിൽ ഭരണകൂടത്തിന്റെ ആവശ്യം തള്ളിയിരുന്നു.

സാധാരണ നടപടിക്രമങ്ങളിൽനിന്ന് വ്യത്യസ്തമായി, കാലിഫോർണിയയുടെ മറുപടി പോലും തേടാതെയാണ് സുപ്രീം കോടതി അടിയന്തര അപേക്ഷ നിരസിച്ചത്. ഈ തീരുമാനത്തിനെതിരെ പരസ്യമായ വിയോജിപ്പുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇതുസംബന്ധിച്ച പ്രതികരണത്തിനായി വൈറ്റ് ഹൗസിനെ സമീപിച്ചെങ്കിലും ഉടൻ മറുപടി ലഭിച്ചില്ല.

വെള്ളിയാഴ്ച ഫെഡറൽ അപ്പീൽ കോടതി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ, കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എങ്ങനെ നടത്തണമെന്ന് നിർദേശിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

ഇത്തരം ഇടപെടലുകൾ ഭരണഘടനയുടെ വ്യക്തമായ വ്യവസ്ഥകളെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

“തപാൽ വോട്ടിംഗിനായി വ്യത്യസ്തമായ നടപടിക്രമങ്ങൾ ആവശ്യമാണെന്ന് അമേരിക്കൻ സർക്കാർ കരുതുന്നുവെങ്കിൽ, ആ നിർദേശം കോടതികളിലല്ല, കോൺഗ്രസിലാണ് അവതരിപ്പിക്കേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അപ്പീൽ കോടതി വ്യക്തമാക്കി.

ട്രംപ് നിയമിച്ച ജഡ്ജി മാർക്ക് ബെന്നറ്റ്, ബൈഡൻ നിയമിച്ച ജഡ്ജി ഗബ്രിയേൽ സാഞ്ചസിനൊപ്പം ചേർന്ന് ഭരണകൂടത്തിനെതിരായ നിലപാടെടുത്തു. മൂന്നാമത്തെ ജഡ്ജിയായ ട്രംപ് നിയമിച്ച പാട്രിക് ബുമറ്റേയ് വിയോജിപ്പ് രേഖപ്പെടുത്തി.

കാലിഫോർണിയയിലെ നിയമപ്രകാരം അമേരിക്കൻ പൗരന്മാരല്ലാത്തവർക്ക് ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് തടയുന്നതിനായി സംസ്ഥാനത്ത് നിരവധി നിയമങ്ങളും നിലവിലുണ്ട്.

കാലിഫോർണിയ സ്റ്റേറ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു:

“അമേരിക്കൻ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തുവെന്ന ആരോപണം അത്യപൂർവമായ സംഭവമാണ്. വ്യാപകമായ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്നതിന് യാതൊരു അടിസ്ഥാനവുമില്ലാത്ത ഭരണകൂടത്തിന്റെ ആരോപണങ്ങൾ ജനാധിപത്യ പ്രക്രിയയിൽ സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ്. ഇത് വോട്ട് ചെയ്യാൻ നിയമപരമായി അർഹതയുള്ളവരുടെ വോട്ടവകാശം പോലും നഷ്ടപ്പെടുത്താൻ ഇടയാക്കും. നിയമവാഴ്ച സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ഞങ്ങൾ തുടരും.”

ഫെഡറൽ അപ്പീൽ കോടതിയുടെ ഈ വിധി വരുന്നതിന് രണ്ട് ദിവസം മുമ്പ് കാലിഫോർണിയയിലെ ജില്ലാ കോടതിയിലും ട്രംപ് ഭരണകൂടത്തിന് തിരിച്ചടി നേരിട്ടിരുന്നു.

26 പേജുള്ള വിധിന്യായത്തിൽ, ഫെഡറൽ ജില്ലാ കോടതി ജഡ്ജി ഡേവിഡ് കാർട്ടറും സംസ്ഥാന-പ്രാദേശിക ഭരണകാര്യങ്ങളിൽ ഫെഡറൽ സർക്കാർ നടത്തുന്ന ഇടപെടലിനെ ശക്തമായി വിമർശിച്ചു.

ക്ലിന്റൺ നിയമിച്ച ജഡ്ജിയായ അദ്ദേഹം വിധിന്യായത്തിൽ ഇപ്രകാരം എഴുതി:

“അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ ഒരു തിരഞ്ഞെടുപ്പിന്റെ തലേന്ന്, സംസ്ഥാനവും പ്രാദേശിക ഭരണകൂടവും സ്വന്തം ഭരണഘടനാപരമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉപേക്ഷിച്ച് എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ ഇഷ്ടത്തിന് വഴങ്ങണമെന്ന് ഫെഡറൽ സർക്കാർ നിർബന്ധിച്ചിട്ടില്ല.

ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിലൂടെ, രാജ്യത്ത് പരമാധികാരം തങ്ങൾക്കു മാത്രമാണെന്ന് എക്സിക്യൂട്ടീവ് വിഭാഗം ഈ കോടതിയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കാലിഫോർണിയയ്ക്കും അവിടുത്തെ ജനങ്ങൾക്കും പരമാധികാരമുണ്ട്.”

കാലിഫോർണിയയിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ള 20,000-ത്തിലധികം ആളുകൾ “അമേരിക്കൻ പൗരന്മാരല്ലാത്തവരാകാൻ സാധ്യതയുള്ളവർ” (Likely Noncitizens) ആണെന്നും ഇവർ രേഖപ്പെടുത്തിയ ബാലറ്റുകൾ മാറ്റിവയ്ക്കണമെന്നുമാണ് ട്രംപ് ഭരണകൂടം ഉന്നയിച്ച മറ്റൊരു ആരോപണം.

എന്നാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.

You may also like