Home » നിയമസഭാ തെരഞ്ഞെടുപ്പ് പിന്തുണ: വാർത്ത വ്യാജമെന്ന് പെന്തകോസ്ത് ലീഡേഴ്സ് കൗൺസിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പിന്തുണ: വാർത്ത വ്യാജമെന്ന് പെന്തകോസ്ത് ലീഡേഴ്സ് കൗൺസിൽ

by News Desk
0 comments

തിരുവല്ല : കേരളത്തിലെ പെന്തകോസ്ത് സഭ ഒരു മുന്നണിക്ക് പിന്തുണ നൽകിയെന്ന വാർത്ത വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ വ്യക്തമാക്കി. കേരളത്തിലെ പെന്തകോസ്ത് നേതൃത്വത്തോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായി, രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഒരു സംഘടന സഭയുടെ പൊതു നിലപാട് പ്രഖ്യാപിച്ചതിൽ സഭാ നേതൃത്വം അമർഷം രേഖപ്പെടുത്തി.
നൂറ് വർഷം പിന്നിട്ട കേരളത്തിലെ പെന്തകോസ്ത് സഭകൾ നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം ഒരു സംഘടന നടത്തിയ പ്രസ്താവന സഭാ നേതൃത്വത്തിൻ്റെ അറിവോടെ അല്ല. ഇത്തരം പ്രസ്താവന നടത്താൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം സംഘടനകളുമായി സഭാ നേതൃത്വത്തിന് യാതൊരു ബന്ധവും ഇല്ല.

മുഖ്യമന്ത്രിയെ കണ്ട് പിന്തുണ അറിയിച്ചെന്ന് അവകാശപ്പെടുന്ന സംഘടനയുടെ ആധികാരികതയിൽ നേതൃത്വം സംശയം പ്രകടിപ്പിച്ചു.

ക്രൈസ്തവ ധാര എന്ന പ്രസിദ്ധീകരത്തിൽ സഭാനേതാക്കന്മാരുടെ ഫോട്ടോയും പ്രസ്താവനയും അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിൽ സഭാ നേതൃത്വം ആശങ്ക രേഖപ്പെടുത്തി.

സഭാംഗങ്ങൾ സമ്മതിദാനാവകാശം പ്രാർത്ഥനാപൂർവ്വം വിനിയോഗിക്കണമെന്ന് പെന്തകോസ്ത് ലീഡേഴ്സ് കൗൺസിൽ നേതാക്കളായ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ ടി ജെ സാമുവേൽ, പാസ്റ്റർ ഫിലിപ്പ് പി തോമസ്, പാസ്റ്റർ ഒ എം രാജുക്കുട്ടി, പാസ്റ്റർ വൈ റെജി, ഡോ. ഐസക്ക് വി മാത്യു, പാസ്റ്റർ ടി എം കുരുവിള, പാസ്റ്റർ ജോൺസൺ കെ. സാമുവൽ, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ റോയി ഡാനിയേൽ മാത്യു, പാസ്റ്റർ ജെ ജോസഫ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിലിനു വേണ്ടി

പാസ്റ്റർ ജെ. ജോസഫ്
( ഓഫീസ് സെക്രട്ടറി )
Mob. 9447455820

You may also like