Home » ഇന്ധന പാതകൾ അടയുന്നു: ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം

ഇന്ധന പാതകൾ അടയുന്നു: ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം

by News Desk
0 comments

വാഷിങ്ടൺ: ചെങ്കടലിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി ലോകത്തെ വൻ ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് യമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം. സൗദി അറേബ്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി എണ്ണക്കപ്പലുകളാണ് പാത തിരിച്ചുവിട്ട് യാത്ര അവസാനിപ്പിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധ അന്തരീക്ഷം വീണ്ടും സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടലിലെ ബാബ് എൽ മന്ദേബ് കടലിടുക്കും ഉപരോധത്തിലായതോടെ ആഗോള എണ്ണ വിപണി വലിയ പ്രഹരമാണ് നേരിടുന്നത്. സൗദി പോർട്ടുകളിൽ നിന്നുള്ള എണ്ണ കയറ്റുമതി ലക്ഷ്യമിട്ടാണ് ഹൂതികൾ പുതിയ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മറുപടിയെന്നോണം യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഇറാൻ നിലപാട് കടുപ്പിക്കുകയാണ്.

നയതന്ത്ര തലത്തിലുള്ള പ്രശ്നപരിഹാരത്തിന് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കുമ്പോഴും ടെഹ്റാൻ ചർച്ചകളെ ഗൗരവമായി കാണുന്നില്ലെന്നാണ് റൂബിയോ ആരോപിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര കടൽപ്പാതകൾ കയ്യടക്കാനും കപ്പലുകൾ ആക്രമിക്കാനും ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന അപകടകരമായ മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

You may also like